കവിത: ശില്പി | Poem: SHILPI | രചന: ഗിരിജ വാരിയർ | ആലാപനം: സുജിത് വാരിയർ

Поділитися
Вставка
  • Опубліковано 18 вер 2022
  • #v123 #kavithakal #malayalamkavitha
    Lyrics: Girija Varier, Puthuppariyaram, Palakkad
    Rendition: Sujith Varier, Alappuzha
    Album Creation: Pramod Movanari, Kozhikkode
    ശില്പി
    ******
    നീലത്തിരകൾ ചുഴലുമാത്തീരത്തു
    നീലിച്ചുകാണും ശിലകൾ
    പാടുന്നു പാവനപ്രേമത്തിൻ ഗാഥകൾ
    പാലൊളിത്തൂനിലാപ്പെയ്തായ്!
    വെള്ളാരങ്കണ്ണുള്ള സുന്ദരിപ്പെൺകൊടി
    വെള്ളരിപ്രാവായ്ക്കുറുകി
    സേവകശില്പിതൻ സ്വപ്നമായ്ത്തീർന്നു നൽ
    സായുജ്യസാരമായ് മാറി
    പൂർണ്ണത കൈവന്നൊരാശില്പഭംഗിയിൽ
    അദ്ഭുതംകൂറി മാലോകർ
    ജീവൻതുടിക്കും ശിലയിൽ വിരിഞ്ഞല്ലോ
    രാജകുമാരിതൻ രൂപം
    മുറ്റുമിരുളിൻമറപറ്റി വന്നല്ലൊ
    മാറ്റാരാം കിങ്കരസൈന്യം
    ആ നവകോമളൻമെയ്യിൽ കഠോരമാം
    വാൾത്തല ചോരപ്പൂ വീഴ്ത്തി!
    ചെഞ്ചോരപൂക്കളം നിർമ്മിച്ചു തൂവാനിൽ
    ചെമ്മേ ദിവാകരനെത്തി
    ശില്പിതൻ ദാരുണപൂരിതമക്കഥ
    പക്ഷിതൻ ഗീതകമായി!
    രാജഹർമ്മ്യത്തിൻ കരിങ്കൽചുമരുക
    ളാഗീതം കേട്ടലിഞ്ഞത്രേ!
    ദുഃഖാഗ്നിനീറ്റിയ കന്നൽമിഴിയവൾ
    ദീനയായ്ത്തീരമണഞ്ഞു!
    പ്രാണപ്രിയനുടെ നിശ്വാസതാളങ്ങൾ
    പ്രാണനിലുൾക്കൊണ്ടവളും
    നീലത്തെളിവാനിൽ സാഗരനീലിമ
    ചേരുന്ന ബിന്ദുവായ് മാറി!
    നീലത്തിരകൾ ചുഴലുമാത്തീരത്തു
    നീലിച്ചു നിൽക്കുന്ന ശില്പം
    പാടുന്നു പാവനപ്രേമത്തിൻ ഗാഥകൾ
    പെയ്യുന്ന ചോരത്തുടുപ്പായ്!
    *****
    (ഗിരിജ വാരിയർ)

КОМЕНТАРІ • 52